
കോഴിക്കോട് : 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ തൃപ്തി അറിയിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഈ സർക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാർഡാണ് പ്രഖ്യാപിച്ചതെന്നും ഈ സർക്കാരിന് കയ്യടി മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ന്യൂ സെൻട്രൽ മാർക്കറ്റ് ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മമ്മൂക്കയ്ക്ക് (മമ്മൂട്ടി) കൊടുത്തപ്പോഴും കയ്യടി. ലോകം കണ്ട ഇതിഹാസ നായകൻ മോഹൻലാലിനെ സർക്കാർ സ്വീകരിച്ചു. മോഹൻലാലിന്റെ പരിപാടിയായിരുന്നു ലാൽസലാം അതിനും കയ്യടി. വേടനെപ്പോലും തങ്ങൾ സ്വീകരിച്ചു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുരസ്‌കാരം നൽകാൻ തക്ക നിലവാരമുള്ള ചിത്രം ഇല്ല എന്ന് ജൂറി വിലയിരുത്തിയതിനെത്തുടർന്നാണ് ഇത്തവണ ബാലതാരങ്ങൾക്ക് അവാർഡ് ഇല്ലാതെ പോയതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ അവാർഡിനായി നാല് സിനിമകളാണ് പരിഗണിച്ചത്. ഇതിൽ രണ്ടെണ്ണം അവസാന റൗണ്ടിൽ എത്തി. എന്നാൽ ഈ സിനിമകൾ ക്രിയേറ്റീവ് ആയ സിനിമയായി ജൂറി കണ്ടില്ല.
അവാർഡ് കൊടുക്കാൻ പറ്റുന്ന പാകത്തിലേക്ക് ആ സിനിമകൾ എത്തിയില്ലെന്നും ജൂറി വിലയിരുത്തി. മലയാളം പോലുള്ള ഭാഷയിൽ കുട്ടികളുടെ പുരസ്‌കാരം നൽകാനാകാത്തതിൽ ജൂറി ഖേദപ്രകടനം നടത്തുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളെ മലയാള സിനിമ അതിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തി ക്രിയേറ്റീവ് ആയി കൊണ്ടുവരാൻ ശ്രമിച്ചില്ല എന്ന വിമർശനവും ഖേദവുമാണ് ജൂറി പ്രകടിപ്പിച്ചത്.
കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാൻ സർക്കാർ ഇടപെടൽ നടത്തും. അടുത്ത തവണ കുട്ടികൾക്ക് അവാർഡ് കിട്ടുന്ന തരത്തിൽ മാറ്റിയെടുക്കും. ഗാനരചയിതാവായ വേടന് അവാർഡ് ലഭിച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ തന്റെ വേടനെപ്പോലും എന്ന വാക്കു വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
മലയാള സിനിമയിൽ ശ്രീകുമാരൻ തമ്പിയെപ്പോലെ ഒട്ടേറെ പ്രഗത്ഭരായ ഗാനരചയിതാക്കളുണ്ട്. ആ രംഗത്ത് വേടൻ അത്ര പ്രഗത്ഭനല്ല. അപ്പോഴും നല്ല കവിത എഴുതിയ വേടനെ ജൂറി സ്വീകരിക്കുകയാണ് ചെയ്തത്. അത് സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടെന്നാണ് ഉദ്ദേശിച്ചത്. അതിനെ ട്വിസ്റ്റ് ചെയ്യേണ്ടതില്ല എന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.