Banner Ads

ഓണാഘോഷം ദുരന്തമായി; വാഹനാപകടത്തിൽ അധ്യാപിക മരിച്ചു, ഓടിയെത്തി പോലീസും നാട്ടുകാരും

പാലക്കാട്: ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകവേ അജ്ഞാത വാഹനം ഇടിച്ച് അധ്യാപിക മരിച്ചു. ചക്കാന്തറ കൈകുത്തിപറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസിയാണ് മരിച്ചത്. അപകടത്തിൽ ആൻസിയുടെ കൈ അറ്റുപോയിരുന്നു. പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം രാവിലെ 11 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്.

സർവീസ് റോഡിൽ ഒരു സ്ത്രീ കിടക്കുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ആൻസിയുടെ വലതുകൈ മുട്ടിനു താഴെ വച്ച് മുറിഞ്ഞു പോയിരുന്നു.

ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആൻസിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരണം സംഭവിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ അധ്യാപികയാണ് ആൻസി.

കോളേജിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിന് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.