Banner Ads

കാസർകോട് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു: ആത്മഹത്യ ശ്രമത്തിന് പിന്നാലെ ആശുപത്രിയിലേക്ക് പോയ കാർ മറിഞ്ഞു.

കാസർകോട്: കാസർകോട് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ് വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കാർ മറിഞ്ഞ് പെൺകുട്ടി മരിച്ചു. ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിൻ്റെ മകൾ മഹിമയാണ് (20) ദാരുണമായി മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മഹിമയെ അമ്മ വനജയും സഹോദരൻ മഹേഷും ചേർന്നാണ് കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, പടിമരുതിൽ വെച്ച് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മഹിമയെ നാട്ടുകാർ ഉടൻ ചെർക്കള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയ്ക്കും സഹോദരനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. തൂങ്ങിയതിനാലാണോ കാർ അപകടമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ബേഡകം പോലീസ് അറിയിച്ചു. നുള്ളിപ്പാടിയിലെ നഴ്‌സിങ് വിദ്യാർഥിനിയായിരുന്നു മഹിമ. സംഭവത്തെക്കുറിച്ച് ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.