Banner Ads

ന്യൂക്ലിയർ മെഡിസിൻ പി.ജി. സീറ്റ്; കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് മന്ത്രി വീണാ ജോർജ്

കോഴിക്കോട് : കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകി സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിൻ (Nuclear Medicine) വിഭാഗത്തിൽ പി.ജി. സീറ്റുകൾ അനുവദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) സീറ്റുകൾ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിൻ പി.ജി. പഠനം സാധ്യമാകുന്നത്. ഇതോടൊപ്പം മലബാർ കാൻസർ സെന്ററിലും (MCC) റേഡിയേഷൻ ഓങ്കോളജിയിൽ പി.ജി. സീറ്റുകൾ ലഭിച്ചു. ഈ സീറ്റുകൾ കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്തിന് കൂടുതൽ കരുത്ത് പകരും.

സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലായി ഇത്തവണ 81 പുതിയ മെഡിക്കൽ പി.ജി. സീറ്റുകൾക്കാണ് എൻ.എം.സി. അനുമതി നൽകിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 17, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15, കൊല്ലം മെഡിക്കല്‍ കോളേജ് 30, കോഴിക്കോട് മെഡിക്കല്‍ കോളേജ് 2, മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) 2. മെഡിക്കല്‍ കോളേജുകള്‍ക്കായി 270 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിരുന്നു.

പുതിയ പി.ജി. സീറ്റുകൾ ലഭ്യമാക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ 270 അധ്യാപക തസ്തികകൾ സർക്കാർ സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷ്യസ് ഡിസീസ്, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിലും പി.ജി. സീറ്റുകൾ അനുവദിക്കാനുള്ള നടപടികൾ നടന്നുവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.