Banner Ads

ഒന്നല്ല പത്തല്ല, കേസുകൾ പലത്; ട്രെയിൻ യാത്രക്കാരെ കൊള്ളയടിക്കുന്ന കുറ്റവാളി അറസ്റ്റിൽ

കോഴിക്കോട് : കേരളത്തിലെ വിവിധ ട്രെയിനുകളിൽ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്നത് പതിവാക്കിയ കൊടുംക്രിമിനൽ കോഴിക്കോട് റെയിൽവേ പോലീസിന്റെ പിടിയിൽ. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് സിഫിൽ (23) ആണ് പിടിയിലായത്. കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാളിൽ നിന്ന് ഐഫോൺ, റിയൽ മി ഫോൺ എന്നിവ പിടിച്ചെടുത്തു. കവർച്ച ചെയ്ത രണ്ട് ലാപ്ടോപ്പുകൾ കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് അറിയിച്ചു. കാരയ്ക്കല്‍- എറണാകുളം എക്‌സ്പ്രസിലെ യാത്രക്കാരന്‍റെ ഐ ഫോണ്‍ മോഷ്ടിച്ചു. ബെംഗളൂരുവിൽ വെച്ച് പരിചയപ്പെട്ടയാളോട് ട്രെയിൻ യാത്രയ്ക്കിടെ സംസാരിക്കാനെന്ന വ്യാജേന ഫോൺ വാങ്ങിയ ശേഷം കടന്നുകളഞ്ഞു. എറണാകുളം – നിസാമുദ്ദീൻ ട്രെയിനിൽ യാത്രക്കാരന്റെ ലാപ്ടോപ്പ് ബാഗ് കവർന്നു.

പുതുച്ചേരി – മംഗലാപുരം എക്സ്പ്രസ് ട്രെയിനിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയ സംഭവത്തിലും പ്രതി ഇയാളാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ, ഫോർട്ട് കൊച്ചി സ്റ്റേഷനുകളിലും കേസുകളുണ്ട്. റെയിൽവേ പോലീസ് എസ്ഐമാരായ പികെ ബഷീർ, എംപി അനി, ഡാൻസാഫ് അംഗങ്ങൾ, ആർപിഎഫ് ഉദ്യോഗസ്ഥരായ ഷിനോജ് കുമാർ, ഷിജു, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.