പാലക്കാട് :ഓണത്തിന് ഓങ്ങല്ലൂർകാർക്ക് വിഷരഹിത പച്ചക്കറി കൂട്ടി സദ്യ ഉണ്ണാം. അതിനായി പച്ചക്കറി കൃഷിയിൽ വിപ്ലവം തീർക്കുകയാണ് കരിമ്പുള്ളിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. കണ്ണിനും മനസിനും കുളിരായി ഒരേക്കറിൽ ഇറക്കിയ പച്ചക്കറി കൃഷിയിൽ നിന്ന് മികച്ച വിളവാണ് ലഭിക്കുന്നത്.
സാധാരണ വഴിയരികിലെ കാട് വെട്ടുന്നതും തോട് വൃത്തിയാക്കുന്നതുമൊക്കെയായി തൊഴിൽ ദിനങ്ങൾ തള്ളി നീക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ പച്ചക്കറി കൃഷി വിളവെടുത്തപ്പോൾ ലഭിച്ചത് നൂറുമേനി. ഓങ്ങല്ലൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങളിൽ പച്ചക്കറികൃഷി നടത്തുന്നത്. ധനലക്ഷ്മി ലേബർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 1 ഏക്കർ സ്ഥലത്താണ് തൊഴിലുറപ്പ് തൊഴിലാളികൾ വിഷരഹിത പച്ചക്കറികൾ വിളയിച്ചെടുത്തത്.
ഓണക്കാലത്ത് മറുനാടൻ പച്ചക്കറികൾക്ക് വില കൂടിയ സമയത്ത് നാട്ടിൻപുറങ്ങളിൽ ജൈവ രീതിയിൽ കൃഷി ചെയ്ത ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് വിലകയറ്റത്തെ പിടിച്ചു നിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.വെണ്ട, പയർ തുടങ്ങി നിരവധിയിനം പച്ചക്കറികളാണ് കൃഷിയിറക്കിയത്. പഞ്ചായത്തിലെ വിവിധ ലേബർ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പച്ചക്കറി കൃഷി നടക്കുന്നുണ്ട്.