
ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ്യുടെ അവസാന ചിത്രമായ ജനനായകൻ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി സെൻസർ ബോർഡ്. സിനിമയുടെ പകർപ്പ് ചോർന്നത് സിബിഎഫ്സിയിൽ നിന്നാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ബോർഡ് വ്യക്തമാക്കി. സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റ്സും വിജയ്യുടെ ഇൻട്രോ സീനും ഉൾപ്പെടുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
പിന്നാലെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പൂർണ്ണരൂപം എച്ച്ഡി പതിപ്പായി വിവിധ പൈറസി സൈറ്റുകളിൽ എത്തിയതായാണ് റിപ്പോർട്ട്. ചിത്രം ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം. സിനിമയുടെ ഡിജിറ്റൽ പതിപ്പ് പുറത്തായതോടെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് നിർമ്മാതാക്കൾ.