കാസർഗോഡ്: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ നഷ്ടപ്പെട്ട നാലര പവന്‍റെ സ്വർണമാല ഒരാഴ്ചയ്ക്കു ശേഷം വീടിന്‍റെ സിറ്റൗട്ടിൽ കൊണ്ടു വെച്ച് അജ്ഞാതൻ. ഒമ്പത് ദിവസമായി മാല തന്‍റെ കൈവശം ആയിരുന്നുവെന്നും വിഷമം തോന്നിയത് മൂലം അഡ്രസ്സ് തപ്പിപ്പിടിച്ചു കൊണ്ടു വെയ്ക്കുകയാണെന്നും എഴുതിയ കുറിപ്പിനൊപ്പമാണ് സ്വർണ്ണമാല വീട്ടിൽ കൊണ്ടു വെച്ചത്.
27 വർഷം മുമ്പ് ഭർത്താവ് ചാർത്തിയ താലിമാല തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കാസർകോട് പറമ്പത്ത് ഗീത. “ഈ മാല കയ്യിൽ കിട്ടിയിട്ട് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. കയ്യിൽ എടുക്കുന്തോറും ഒരു വിറയൽ. പിന്നെ കുറേ ആലോചിച്ചു. എന്തുചെയ്യണമെന്ന്. വാട്സ് ആപ്പ് മെസേജ് കണ്ടു. കെട്ടുതാലിയാണ്.
അതോടെ തീരുമാനിച്ചു വേണ്ട, ആരാന്‍റെ മുതൽ വേണ്ട. അങ്ങനെ അഡ്രസ് കണ്ടുപിടിച്ചു. എന്നെ പരിചയപ്പെടുത്താൻ താത്പര്യമില്ല. ഇത്രയും ദിവസം കയ്യിൽ വച്ചതിന് മാപ്പ്. വേദനിപ്പിച്ചതിനും മാപ്പ്”- എന്ന കത്തിനൊപ്പമാണ് മാല തിരികെ കിട്ടിയത്.