
തിരുവനന്തപുരം : കേസന്വേഷണത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖർ സർക്കുലർ പുറത്തിറക്കി. പ്രതികളുടെ കുറ്റസമ്മത മൊഴികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരസ്യമാക്കരുത് എന്നാണ് നിർദ്ദേശം.
എസ്എച്ച്ഒ അടക്കമുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഈ നിർദ്ദേശം ബാധകമാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സർക്കുലർ ഇറങ്ങിയത്. ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഡിജിപി ഈ സർക്കുലർ ഇറക്കിയത്. സമീപകാലത്തെ ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയുടെ കുറ്റസമ്മത മൊഴി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
കുറ്റാരോപിതൻ പറയുന്ന കാര്യങ്ങൾ അന്വേഷണ ഘട്ടത്തിൽ പുറത്തുവരുന്നത് അന്വേഷണത്തെയും വിചാരണയേയും ദോഷകരമായി ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തരുത് എന്ന് കാണിച്ച് പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.