Banner Ads

നിതിൻ രാജിന്റെ മരണം: അധ്യാപകന്റെ പീഡനം തെളിയുന്നു; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോളേജിലെ മറ്റ് വിദ്യാർത്ഥികളിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

നിതിൻ രാജിനെ ലക്ഷ്യം വെച്ച് ക്ലാസ് മുറികളിൽ അധ്യാപകൻ നിരന്തരമായി ബോഡി ഷേമിങ്ങും വ്യക്തിപരമായ പരിഹാസങ്ങളും നടത്തിയിരുന്നതായി സഹപാഠികൾ മൊഴി നൽകി. പഠനകാര്യങ്ങളിലും അല്ലാതെയും വിദ്യാർത്ഥികൾക്ക് മേൽ മാനസികമായി തളർത്തുന്ന വിചിത്രമായ ശിക്ഷാരീതികൾ അധ്യാപകൻ നടപ്പിലാക്കിയിരുന്നതായും ആരോപണമുണ്ട്.

നിരന്തരമായ പരിഹാസങ്ങൾ നിതിനെ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരുന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തി. യുവജന കമ്മീഷൻ വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും.

കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.