
കായംകുളം : കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി നവജാത ശിശുവിന്റെ കുടുംബം. അജീഷ്-അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അതുല്യ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്നും വിദഗ്ദ ചികിത്സ വേണമെന്നും ആശുപത്രി അധികൃതർ നിർദേശിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നു.
എന്നാൽ ഹോസ്പിറ്റലിൽ എത്തും മുൻപ് കുഞ്ഞ് മരിച്ചു. ഈ മാസം 24നായിരുന്നു പ്രസവ തീയതി നൽകിയിരുന്നത്. പ്രസവവേദനയെ തുടർന്ന് ഇന്നലെ സിസേറിയൻ നടത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് രക്തസ്രാവമുണ്ടായി ആശുപത്രിയിൽ എത്തിയപ്പോൾ അഡ്മിറ്റ് ചെയ്യാൻ ജീവനക്കാർ തയ്യാറായില്ലെന്ന് അതുല്യയുടെ ഭർത്താവ് പരാതിപ്പെട്ടു. കൃത്യസമയത്ത് ചികിത്സ നൽകാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.