കണ്ണൂർ : ഏറെ കോളിളക്കം സൃഷ്ടിച്ച ന്യൂമാഹി ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ആർ.എസ്.എസ്. പ്രവർത്തകരായ രണ്ട് യുവാക്കൾ കൊല്ലപ്പെട്ട കേസിൽ പ്രതികളായിരുന്ന 14 സി.പി.എം. പ്രവർത്തകരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
കോടതി വിധിക്ക് പിന്നാലെ കേസിന്റെ അന്വേഷണത്തിൽ പിഴവുണ്ടായെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. പ്രേമരാജൻ പ്രതികരിച്ചു. പോലീസിന്റെ വീഴ്ചയാണ് പ്രതികളെ വെറുതെ വിടാൻ കാരണമെന്നാണ് പ്രോസിക്യൂഷന്റെ പ്രതികരണം. ജയിൽ ഉദ്യോഗസ്ഥരെ പോലും തല്ലുന്ന പ്രതികൾക്കെതിരെ നിഷ്പക്ഷമായി സാക്ഷി പറയാൻ ആളെ കിട്ടിയില്ല.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഈ കേസിന്റെ അന്വേഷണം നടന്നതെന്ന് അഡ്വ. പ്രേമരാജൻ പറഞ്ഞു. കോടതി വിധിയിൽ അപ്പീൽ പോകുമെന്നും അദ്ദേഹം അറിയിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്ന് പ്രതിഭാഗം അഭിഭാഷകൻ സി.കെ. ശ്രീധരൻ പ്രതികരിച്ചു.
ബോംബ് സ്ഫോടനം നടന്നതിന് പോലും തെളിവുകളില്ലായിരുന്നു. കേസിൽ ദൃക്‌സാക്ഷികളായി ഹാജരാക്കിയ മൂന്നുപേർ ബി.ജെ.പി. പ്രവർത്തകരായിരുന്നുവെന്നും സി.കെ. ശ്രീധരൻ വ്യക്തമാക്കി.