
ആലപ്പുഴ : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22 ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (NTBR) ചെയർമാനായ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇത്തവണ കൂടുതൽ സ്പോൺസർമാരെ കണ്ടെത്തി നേരത്തെ തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കമ്മിറ്റി തീരുമാനിച്ചു. വിശദമായ ബജറ്റും സ്പോൺസർഷിപ്പ് പ്ലാനുകളും അടുത്ത യോഗത്തിൽ ചർച്ച ചെയ്യും.
നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷത്തെ ജലമേള മികച്ച രീതിയിൽ സംഘടിപ്പിച്ച ജില്ലാ കളക്ടർ അലക്സ് വർഗീസിനെ യോഗം അനുമോദിച്ചു. ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ്, മുൻ എംഎൽഎ സി കെ സദാശിവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.