
മാനന്തവാടി: വയനാട് അട്ടമലയിലെ ഏറാട്ടുകുണ്ട് ഉന്നതിയിൽ എട്ടുമാസം ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി. കൃഷ്ണന്റെ ഭാര്യ ലക്ഷ്മി (ശാന്ത)യെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്.ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെയുള്ള നിലമ്പൂർ വനത്തിലാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. യുവതിയെ കണ്ടെത്താനായി പോലീസ്, വനംവകുപ്പ്, പട്ടികവർഗ്ഗ വകുപ്പ് എന്നിവർ സംയുക്തമായി പരിശോധന തുടരുകയാണ്.
വനമേഖലയിലെ ഗുഹകളിലോ മറ്റോ ഇവർ താമസിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ കരുതുന്നത്.പണിയ വിഭാഗത്തിൽപ്പെട്ട ലക്ഷ്മി പുറംലോകവുമായി അധികം ബന്ധം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന ഇവരെ അവസാനമായി സെപ്റ്റംബറിലാണ് വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചത്.
പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയാണ് അന്ന് ചികിത്സ നൽകിയത്. അതിനുശേഷം ഉന്നതിയിലേക്ക് മടങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.അതേസമയം, ശ്രേയസ് എന്ന സന്നദ്ധ സംഘടന ഇടപെട്ടാണ് യുവതിയുടെ മൂന്ന് മക്കളെ നിലവിൽ ഹോസ്റ്റലിലേക്ക് മാറ്റി സംരക്ഷിക്കുന്നത്.