Banner Ads

വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹമരണം: സത്യം പുറത്തുകൊണ്ടുവരാൻ റീപോസ്റ്റ്‌മോർട്ടത്തിനായി കുടുംബം

കൊല്ലം:വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതകൾ വർധിച്ചുവരികയാണ്. വിദേശത്ത് മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് റീപോസ്റ്റ്‌മോർട്ടം നടത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് കുടുംബം.

ഈ ആവശ്യം ഉന്നയിച്ച് അവർ അധികൃതരെ സമീപിച്ചിട്ടുണ്ട്.വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. നിലവിൽ ലഭിച്ച വിവരങ്ങളിൽ വ്യക്തതയില്ലെന്നും, യഥാർത്ഥ മരണകാരണം പുറത്തുകൊണ്ടുവരുന്നതിന് റീപോസ്റ്റ്‌മോർട്ടം അത്യാവശ്യമാണെന്നും കുടുംബം പറയുന്നു.

നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതിലും മൊബൈൽ ഫോണും ലാപ്ടോപ്പും നഷ്ടമായതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം.

ഷാര്‍ജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബം നിയമപോരാട്ടം തുടരുകയാണ്.വിവാഹം കഴിഞ്ഞ നാള്‍മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്.

അതിനാല്‍ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിന്‍റെ തുടര്‍ച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താന്‍ കഴിയുമെന്ന് വിപഞ്ചികയുടെ കുംടുംബത്തിന്‍റെ അഭിഭാഷകന്‍ പറയുന്നു.