
തിരുവനന്തപുരം: ഉള്ളൂർ ആക്കുളം മാവടിനടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിൽ നിന്നും അസഹനീയമായ ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളജ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്.രഘുനാഥൻ നായരെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും, പുഷ്പയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
മരിച്ച ദമ്പതികൾ അയൽവാസികളുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.