Banner Ads

യുഡിഎഫ് യാത്രയ്ക്ക് നഗരസഭയുടെ ആശംസ; മാനന്തവാടിയിൽ ഫ്ലെക്സ് ബോർഡ് വിവാദം

മാനന്തവാടി : വയനാട്ടിൽ യുഡിഎഫിന്റെ പുതുയുഗയാത്രയ്ക്ക് ആശംസകൾ നേർന്ന് നഗരസഭയുടെ പേരിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത് വിവാദത്തിൽ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യാത്രയ്ക്ക് മാനന്തവാടി നഗരസഭയുടെ പേരിൽ ആശംസകൾ അച്ചടിച്ച ബോർഡുകൾ സ്ഥാപിച്ചതിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.

ഫ്ലെക്സ് ബോർഡുകളിൽ ഏറ്റവും താഴെയായി ആശംസകളോടെ മാനന്തവാടി നഗരസഭ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. നിയമവിരുദ്ധമായി ഭരണഘടനാ സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലമുള്ള പരാതി നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ബോർഡുകളിൽ ഉണ്ടായിരുന്ന നഗരസഭ എന്നതിന് പകരം യുഡിഎഫ് കൗൺസിലർമാർ എന്ന് പിന്നീട് തിരുത്തി എഴുതിച്ചേർത്തു. ഇതിനെതിരെ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.