
മുംബൈ : മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ മുംബൈ-പൂനെ പാതയിൽ മാറ്റം വരുന്നു. പുതിയ എക്സ്‌പ്രസ് വേ പദ്ധതി പൂർത്തിയാകുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം വെറും 90 മിനിറ്റായി (ഒന്നര മണിക്കൂർ) ചുരുങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിച്ചു. നിലവിൽ മൂന്ന് മണിക്കൂർ വരെ എടുക്കുന്ന യാത്രയാണ് പകുതിയായി കുറയുന്നത്.
ഇതോടെ ജോലിക്കാർക്കും ബിസിനസ്സുകാർക്കും ഒരേ ദിവസം തന്നെ ഇരു നഗരങ്ങളിലേക്കും പോയി വരാൻ സാധിക്കും. മഹാരാഷ്ട്രയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇതിൽ 50000 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വഴിയാണ് നടപ്പിലാക്കുക. സംസ്ഥാനത്തുടനീളം അതിവേഗത്തിലുള്ളതും സുരക്ഷിതവുമായ ഗതാഗത സംവിധാനം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കൂട്ടിചേർത്തു.