
ബെംഗളൂരു : ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും നാല് ആൺസുഹൃത്തുക്കളും പോലീസ് പിടിയിലായി. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35) ആണ് കൊല്ലപ്പെട്ടത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണ് എന്ന് പോലീസ് അറിയിച്ചു. മകളും ആൺസുഹൃത്തുമായുള്ള ബന്ധം അമ്മ നേത്രാവതി വിലക്കിയിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ മകൾ സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. തൂങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കേസിൽ വഴിത്തിരിവായതും കൊലപാതകം തെളിയിക്കാൻ പോലീസിനെ സഹായിച്ചതും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകളും സുഹൃത്തുക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.