അജ്മീർ : മൂന്ന് വയസ്സുള്ള മകളെ താരാട്ട് പാടി ഉറക്കിയ ശേഷം തടാകത്തിൽ എറിഞ്ഞ് കൊലപ്പെടുത്തി യുവതി. എന്നിട്ട് മകളെ കാണാതായെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.ആദ്യ വിവാഹത്തിലുള്ള മകളെ ചൊല്ലി ലിവ്-ഇൻ പങ്കാളി നിരന്തരം പരിഹസിച്ചതില്‍ മനംനൊന്താണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് യുവതിയുടെ മൊഴി.
ചൊവ്വാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ഗോവിന്ദ് ശർമ്മ യുവതിയെ തനിച്ച് കണ്ടത്. രാജസ്ഥാനിലെ അജ്മീറിലെ വൈശാലി നഗറില്‍ നിന്ന് ബജ്‌രംഗ് ഗഢിലേക്ക് പോകുന്ന വഴിയിലാണ് ഇവരെ കണ്ടത്. ചോദിച്ചപ്പോള്‍ അഞ്ജലി എന്നാണ് പേരെന്നും രാത്രി മകളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയതാണെന്നും വഴിയില്‍ വച്ച് മകളെ കാണാതായെന്നും യുവതി പൊലീസിനോട് പറഞ്ഞു.
അഞ്ജലി ശ്രമിച്ചത് കുട്ടിയെ കാണാനില്ലെന്ന് വരുത്തിതീർക്കാൻ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, അഞ്ജലി മകളെ കൈകളിലെടുത്ത് അന സാഗർ തടാകത്തിന് ചുറ്റും നടക്കുന്നത് കണ്ടു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പുലർച്ചെ 1:30നുള്ള ദൃശ്യങ്ങളില്‍ അഞ്ജലി തനിച്ചായിരുന്നു. ഫോണില്‍ സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
അഞ്ജലിയുടെ മൊഴിക്ക് വിരുദ്ധമാണ് ഈ ദൃശ്യം എന്നതിനാല്‍ പൊലീസ് വിശദമായി ചോദ്യംചെയ്യാൻ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ തടാകത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോള്‍ അഞ്ജലി കുറ്റം സമ്മതിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് ലിവ്-ഇൻ പങ്കാളിയായ അല്‍കേഷിനെ വിളിച്ച് അഞ്ജലി കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞത്.
ആദ്യ വിവാഹത്തിലുള്ള കുട്ടി ആയതിനാല്‍ അല്‍കേഷ് നിരന്തരം പരിഹസിക്കാറുണ്ടായിരുന്നെന്ന് അഞ്ജലി മൊഴി നല്‍കി. ഇതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു. ഉത്തർപ്രദേശിലെ വാരാണസി സ്വദേശിയായ 28 വയസ്സുകാരിയായ അഞ്ജലി, ഭർത്താവുമായി പിരിഞ്ഞ ശേഷം അജ്മീറിലേക്ക് താമസം മാറുകയായിരുന്നു.
അജ്മീറിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ് അഞ്ജലി. അല്‍കേഷും ഇതേ ഹോട്ടലില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. അഞ്ജലിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കൊലപാതകത്തില്‍ അല്‍കേഷിന് നേരിട്ട് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.