Banner Ads

കശ്മീരിനേക്കാൾ കൂടുതൽ കൊലപാതകങ്ങൾ; മാവോയിസ്റ്റുകൾ ആദിവാസികളെ വഞ്ചിച്ചെന്ന് അമിത് ഷാ

ദില്ലി : ഇന്ത്യയെ നക്സൽ ഭീഷണിയിൽ നിന്ന് മോചിപ്പിച്ചത് നരേന്ദ്ര മോദി സർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നും മാവോയിസ്റ്റുകളെ ഇല്ലാതാക്കാൻ കഴിഞ്ഞ 12 വർഷമായി സർക്കാർ നടത്തുന്ന പ്രയത്നം ഫലം അമിത് ഷാ കണ്ടുവെന്നും പറഞ്ഞു.

മാവോയിസ്റ്റുകളെ ആരാധിക്കുന്നവരാണ് പ്രതിപക്ഷമെന്ന് അമിത് ഷാ ആരോപിച്ചു. ഭഗത് സിംഗിനോടും ബിർസ മുണ്ടയോടുമാണ് പ്രതിപക്ഷം നക്സലുകളെ ഉപമിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹദ്‌വ്യക്തികളെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

നക്സൽ ഭീഷണിയിൽ നിന്ന് ബസ്തർ മേഖല ഏതാണ്ട് മുക്തമായിക്കഴിഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് ആദിവാസികളെ അവഗണിച്ചതാണ് നക്സലിസം വളരാൻ കാരണം. എന്നാൽ മോദി സർക്കാർ അവിടെ അടിസ്ഥാന സൗകര്യങ്ങളും വികസനവും എത്തിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ പേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ട്.

നിരപരാധികളായ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് ആയുധം നൽകുകയാണ് നക്സലുകൾ ചെയ്തത്. മാവോയിസത്തിനെതിരായ പോരാട്ടത്തിൽ സിആർപിഎഫ് ജവാന്മാരും ഛത്തീസ്ഗഡ് പോലീസും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നുവെന്നും അവരുടെ ത്യാഗം വിലമതിക്കാനാവാത്തതാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.

മാവോയിസം ദാരിദ്ര്യം ഇല്ലാതാക്കാനല്ല. മറിച്ച് ദാരിദ്ര്യം നിലനിർത്താനാണ് ശ്രമിച്ചതെന്നും ആദിവാസി മേഖലകളിൽ വികസനം തടസ്സപ്പെടുത്തിയത് ചുവപ്പ് ഭീകരതയാണെന്നും അമിത് ഷാ പാർലമെന്റിൽ പറഞ്ഞു.