
പാലക്കാട് : പാലക്കാട് കണ്ണാടി പഞ്ചായത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്.
വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അവിടെ നിന്നും മടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടിലെ വൃദ്ധയുമായി സംസാരിക്കുകയും കൈവശം പണം നൽകുകയും ചെയ്തത്. ഈ സമയം ശോഭാ സുരേന്ദ്രൻ കാറിൽ ഉണ്ടായിരുന്നു.
പണം നൽകുന്നത് ദൃശ്യങ്ങളിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ശോഭാ സുരേന്ദ്രൻ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉടൻ തന്നെ ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.