കൊച്ചി : പഴയകാല മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയുടെയും റിപ്പീറ്റ് വാല്യുവിന്റെയും ശക്തി തെളിയിച്ചുകൊണ്ട് മറ്റൊരു ചിത്രം കൂടി റീ റിലീസിനൊരുങ്ങുന്നു. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ച വിജയത്തിന് പിന്നാലെ 1999-ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം ഉസ്താദ് ആണ് വീണ്ടും തിയറ്ററുകളിൽ എത്തുന്നത്.
രഞ്ജിത്ത് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഉസ്താദ് 27 വർഷങ്ങൾക്ക് ശേഷമാണ് പുതിയ സാങ്കേതിക മികവോടെ എത്തുന്നത്. ജാഗ്വാർ സ്റ്റുഡിയോസിന്റെ ബാനറിൽ ബി. വിനോദ് ജെയിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് ഉസ്താദ് 4K ഡോൾബി അറ്റ്‌മോസിൽ റീമാസ്റ്റർ ചെയ്യുന്നത്. സഹോദരിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏട്ടനായും അധോലോക നായകനായും ആണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്.
ദിവ്യ ഉണ്ണിയാണ് മോഹൻലാലിന്റെ സഹോദരിയായി വേഷമിട്ടത്. ഇരുവരും തമ്മിലുള്ള വൈകാരിക രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ദിവ്യ ഉണ്ണിക്ക് പുറമെ ഇന്ദ്രജ, വാണി വിശ്വനാഥ്, വിനീത്, ഇന്നസെൻ്റ്, സായികുമാർ, ശ്രീവിദ്യ, നരേന്ദ്ര പ്രസാദ് തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്.