ന്യൂഡൽഹി: അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് തുടർച്ചയായി 30 ദിവസം അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്താൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്ക് അവരുടെ പദവി നഷ്ടമാകും. ഇത് നിർദ്ദേശിക്കുന്ന ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു.
പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവരെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്താൽ അവരെ നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഈ ബില്ലിലുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 75, 164, 239AA എന്നിവയും 2019-ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിലെ സെക്ഷൻ 54 ഉം ഭേദഗതി ചെയ്യാനാണ് ബില്ലുകൾ ലക്ഷ്യം വെയ്ക്കുന്നത് .
നിലവിൽ, ഭരണഘടന അനുസരിച്ച്, ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ മാത്രമേ അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, പുതിയ ബില്ല് അനുസരിച്ച് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വരെ ഇത് ബാധകമാകും.
ബില്ലുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എം.ഐ.എം. പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികളും ബഹളവും ഉണ്ടായതിനെ തുടർന്ന് ലോക്സഭാ സ്പീക്കർ സഭാ നടപടികൾ ഉച്ചകഴിഞ്ഞ് വരെ നിർത്തിവച്ചു. അതിനുശേഷവും പ്രതിഷേധം തുടർന്നതിനാൽ പാർലമെൻ്റ് നടപടികൾ വൈകുന്നേരം അഞ്ചുമണിവരെ വീണ്ടും നിർത്തിവെക്കേണ്ടിവന്നു.