കണ്ണൂർ : മാധ്യമപ്രവർത്തകരെ ട്രോളി മന്ത്രി മുഹമ്മദ് റിയാസ്. തുടരെ തുടരെ ചോദ്യങ്ങളുമായി മന്ത്രിയെ മാധ്യമ പ്രവർത്തകർ മൂടിയിരുന്നു. ഇതിന് മറുപടിയാണ് മന്ത്രി നൽകിയത്. മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ പി.ആർ ഇടപെടല്‍ വിമർശനമായതിനെ തുടർന്നുള്ള വിവാദത്തിലാണ് കണ്ണൂരില്‍ വിവിധ പരിപാടിക്കായി എത്തിയ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതികരണം അറിയാനായി മാധ്യമപ്രവർത്തകരെത്തിയത്.
മുഖ്യമന്ത്രിയുടെ അഭിമുഖം കൃത്രിമത്വം ചേർത്ത് പ്രസിദ്ധീകരിച്ചു വിവാദത്തിലായ ഹിന്ദു ദിനപത്രത്തിനെതിരെ നിയമനടപടി ഉണ്ടാകുമോയെന്ന ചോദ്യത്തില്‍ നിന്നും അതിവിദഗ്ദ്ധമായിട്ട് എല്ലാം മുഖ്യമന്ത്രി പറയുമെന്നാണ് പ്രതികരിച്ചത്. കൂടുതൽ ഒന്നും പറയാതെ ഒഴിഞ്ഞ് മാറിയ മന്ത്രി റിയാസിനോട് ഇടയ്ക്കു കയറി ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകരെയാണ് മന്ത്രി ട്രോളിയത്. ഇങ്ങനെ കയറി ചോദിച്ചാല്‍ തൻ്റെ ഫ്ളോ പോകുമെന്നാണ് മന്ത്രി ചിരിച്ച് കൊണ്ട് പറഞ്ഞത്.
സർക്കാരിനെ ദുർബലപ്പെടുത്താനും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനുമായി ചില മാധ്യമങ്ങൾ വാർത്തകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യഥാർത്ഥ വികസന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിവാദങ്ങൾക്ക് മുൻഗണന നല്കുന്നത് ഈ ഔട്ട്ലെറ്റുകളാണെന്ന് അദ്ദേഹം പറയുന്നു. വസ്തുനിഷ്ഠമായ റിപ്പോർട്ടിംഗിനേക്കാൾ സെൻസേഷണലിസത്തിലാണ് മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റിയാസ് വിമർശിക്കുന്നു.
കഴിഞ്ഞ 30 വർഷമായി നിങ്ങള്‍ പിണറായിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്, എന്നിട്ട് എന്തെങ്കിലും സംഭവിച്ചോയെന്ന് റിയാസ് പരിഹസിച്ചു. നിങ്ങള്‍ പറയുന്നതല്ല ഞങ്ങള്‍ പറയുന്നതാണ് ജനങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും ഇനിയും ജനങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് മുൻപോട്ടു പോകാനാണെന്നും റിയാസ് പറഞ്ഞു.