Banner Ads

മലപ്പുറത്ത് വൻ എം.ഡി.എം.എ വേട്ട: മാറ്റാൻ ഒരുങ്ങുന്നതിനിടെ മിന്നൽ നീക്കവുമായി പൊലീസ്.

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശിയായ ജാസിറിന്റെ വീട്ടിൽ നിന്ന് ഒരു കിലോ പതിനാറ് ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിവിൽപനയുടെ മുഖ്യസൂത്രധാരനായ ജാസിർ ഒളിവിൽ പോയി.രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് പോലീസ് ജാസിറിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

ഗോവണിയുടെ അടിയിൽ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. റെയ്ഡ് നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ജാസിറിന്റെ പിതാവ് അസീസ്, മാതാവ് കമറുന്നീസ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.പരിശോധന തുടരുന്നതിനിടെ മയക്കുമരുന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനായി ബൈക്കിലെത്തിയ ജാസിറിന്റെ സുഹൃത്ത് സലാഹുദ്ദീനെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

എം.ഡി.എം.എ 1.016 കിലോഗ്രാം ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 21 ലക്ഷം രൂപ.വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന 7 മൊബൈൽ ഫോണുകൾ, 2 ലാപ്ടോപ്പുകൾ, ലഹരിമരുന്ന് അളന്ന് തിരിക്കാൻ ഉപയോഗിച്ചിരുന്ന 5 തൂക്ക മെഷീനുകൾ (ത്രാസ്) എന്നിവയും പോലീസ് കണ്ടെടുത്തു.കാലിക്കറ്റ് സർവ്വകലാശാലാ പരിസരവും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പോലീസ് പറഞ്ഞു. ചെറിയ അളവുകളിലാക്കി ചില്ലറ വിൽപന നടത്താനായിരുന്നു ഇവരുടെ നീക്കം. ഒളിവിൽ പോയ ജാസിറിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.