കോഴിക്കോട് : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണം കാണാതായി. 2016 മുതൽ ഏഴ് വർഷക്കാലയളവിൽ ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ടി.ടി. വിനോദ് കുമാറിന്റെ കാലത്താണ് സ്വർണ ഉരുപ്പടികൾ കാണാതായത്.
ഇയാൾ സ്ഥലം മാറിപ്പോയപ്പോൾ സ്വർണ ഉരുപ്പടികൾ പകരം വന്ന ഉദ്യോഗസ്ഥന് കൈമാറിയിരുന്നില്ല. നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിൽ സ്വർണത്തിന്റെ കുറവ് കണ്ടെത്തുകയായിരുന്നു.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പലതവണ ബന്ധപ്പെട്ടെങ്കിലും സ്വർണം എത്തിച്ച് നൽകുമെന്ന മറുപടിയാണ് ലഭിച്ചതെന്നും സ്വർണം തിരികെ ലഭിച്ചില്ലെങ്കിൽ പോലീസിൽ പരാതി നൽകാനാണ് ട്രസ്റ്റി ബോർഡിന്റെ തീരുമാനമെന്നും അറിയിച്ചു. സമാനമായ സംഭവങ്ങൾ മറ്റ് ക്ഷേത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
കോഴിക്കോട് ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളിൽനിന്നും സ്വര്‍ണ്ണം നഷ്ടമായിട്ടുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ അഡ്വക്കറ്റ് കെ.പ്രവീണ്‍കുമാര്‍ ആരോപിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ നിന്ന് 18 പവനിലധികം സ്വർണം നഷ്ടമായിട്ടുണ്ട്.
കൊയിലാണ്ടിയിലെ മറ്റൊരു ക്ഷേത്രത്തിൽ നിന്ന് ആറ് പവനോളം സ്വർണം നഷ്ടപ്പെട്ടതായും അഡ്വ. പ്രവീൺ കുമാർ ആരോപിച്ചു.ഭക്തർ നൽകുന്ന നേർച്ച വസ്തുക്കൾക്ക് പിണറായി സർക്കാരിന്റെ ഭരണത്തിൽ സുരക്ഷയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.