തിരുവനന്തപുരം:അമേരിക്കയിലെ അലാസ്ക തീരത്ത് 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് ഏകദേശം 87 കിലോമീറ്റർ തെക്ക് കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.ഭൂചലനത്തെ തുടർന്ന് അലാസ്ക ഉപദ്വീപിലും തെക്കൻ അലാസ്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
കെന്നഡി എൻട്രൻസ് മുതൽ യൂണിമാക് പാസ് വരെയുള്ള പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. സാൻഡ് പോയിന്റ്, കോൾഡ് ബേ, കോഡിയാക് തുടങ്ങിയ നഗരങ്ങളിലെ താമസക്കാരോട് ഉടൻതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു.
എന്നിരുന്നാലും, പിന്നീട് സുനാമി മുന്നറിയിപ്പ് പിൻവലിക്കുകയും ഭീഷണി ലഘൂകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.