
കൊച്ചി : കുമ്പളത്ത് യുവാവിനെ ആളുമാറി ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. പനങ്ങാട് ചേപ്പനം സ്വദേശി ആദർശ് കൃഷ്ണൻ (24), തൃപ്പൂണിത്തുറ ഏരൂർ സ്വദേശി ആദിത്യൻ (19) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കുമ്പളത്തെ നൈറ്റ് കടയിൽ ചായ കുടിക്കാൻ എത്തിയ കുമ്പളം സ്വദേശിയായ യുവാവിനാണ് ക്രൂരമായ മർദ്ദനമേറ്റത്.
യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൾ കല്ലുകൊണ്ട് തലക്കടിച്ച് വീഴ്ത്തി. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം സ്ഥലം വിട്ട പ്രതികളെ അതിവേഗമാണ് പനങ്ങാട് പോലീസ് പിടികൂടിയത്.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആദർശിനെതിരെ തട്ടിക്കൊണ്ടുപോകൽ, അടിപിടി, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകൾ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ട്. കൂടാതെ ആദിത്യനെതിരെ അമ്പലമേട്, എടത്തല പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പനങ്ങാട് എസ്എച്ച്ഒ വിപിൻ ദാസിന്റെ നേതൃത്വത്തിൽ എസ്ഐ റഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, രജീഷ് ഉപേന്ദ്രൻ അരവിന്ദ് കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.