Banner Ads

കാടുവെട്ട് യന്ത്രമുപയോഗിച്ച് സുഹൃത്തിനെ കൊന്നു; ഒരാൾ കസ്റ്റഡിയിൽ

മലപ്പുറം : മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ (40) ആണ് കൊല്ലപ്പെട്ടത്. ചാരങ്കാവ് സ്വദേശി മൊയ്തീനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളായ പ്രവീണും മൊയ്തീനും ഒരുമിച്ച് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ തർക്കമുണ്ടായി. തർക്കത്തിനിടെ മൊയ്തീൻ പ്രവീണിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തു തന്നെ പ്രവീൺ മരിച്ചു.

പ്രവീണും മൊയ്തീനും തമ്മിൽ മുൻപും തർക്കങ്ങളും വൈരാഗ്യവും നിലനിന്നിരുന്നതായാണ് വിവരം. മഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.