Banner Ads

മലയാളം ഇനി ഭരണഭാഷ; ചരിത്രപരമായ ഭാഷാ ബില്ലിന് ഗവർണറുടെ അംഗീകാരം

കൊച്ചി : കേരളത്തിന്റെ ഔദ്യോഗിക ഭാഷാ വിനിമയങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് മലയാള ഭാഷാ ബിൽ – 2025ന് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകി. സ്കൂൾതലം മുതൽ സർക്കാർ സേവനങ്ങൾ വരെ മലയാളം നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. നേരത്തെ യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്.

ഇതോടെ 1969ലെ ഔദ്യോഗിക ഭാഷാ നിയമത്തിന് പകരമായി മലയാളത്തിന് പൂർണ്ണ ആധിപത്യമുള്ള പുതിയ നിയമം നിലവിൽ വരും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം പഠനം നിർബന്ധമാക്കും. സർവ്വകലാശാല പാഠ്യപദ്ധതികളിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തും. പി എസ് സി പരീക്ഷകൾ മലയാളത്തിലായിരിക്കും.

മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പ്രത്യേക സംവരണം ലഭിക്കും. സർക്കാർ ഉത്തരവുകൾ, കോടതി നടപടികൾ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ഔദ്യോഗിക വിനിമയങ്ങൾ എന്നിവ മലയാളത്തിലാക്കും. ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നയിച്ച ആക്ഷേപങ്ങൾ കേരളം ഔദ്യോഗികമായി തള്ളി.

കേരളത്തിലെ അതിർത്തി പ്രദേശങ്ങളിലുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നായിരുന്നു കർണാടകയുടെ വാദം. എന്നാൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ എല്ലാ അവകാശങ്ങളും ബില്ലിൽ ഉറപ്പുവരുത്തുന്നുണ്ടെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് മറുപടി നൽകി.