തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം 36 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്.
തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി നിലനിന്ന ചക്രവാതചുഴിയാണ് ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചത്.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത നില നിൽക്കുന്നു. ഇടിമിന്നലിനും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കാസർകോട് , കണ്ണൂർ, ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ നാലു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പും ആറു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുമുണ്ട്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുo നിലനിൽക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും തീവ്രമഴയുണ്ടാകുമെന്നാണ് പ്രവചനം.