Banner Ads

കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ അപകടങ്ങൾ പതിവെന്ന് നാട്ടുകാർ; ടൂറിസ്റ്റ് ബസ് മറിഞ്ഞതിന് പിന്നാലെ പ്രതിഷേധം

മലപ്പുറം : ടൂറിസ്റ്റ് ബസ് മറിഞ്ഞതിന് പിന്നാലെ കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ. ദേശീയപാതയിൽ നിന്ന് വീതി കുറഞ്ഞ റോഡിലേക്ക് വാഹനം പ്രവേശിക്കുന്നതറിയിക്കാൻ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഡിവൈഡറിന് പകരമുള്ള കുഴിയിൽ വാഹനങ്ങൾ വീഴുന്നതും പതിവാണ്.

ഇവിടെ അപകടങ്ങൾ പതിവാണെന്നും മുന്നറിയിപ്പ് ബോർഡ് വെക്കണമെന്നും നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടിയെടുത്തിട്ടില്ല. റോഡ് നിർമ്മാണ ജോലികൾ നടക്കുന്ന ഈ ഭാഗത്ത്, കോട്ടക്കൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വേഗത്തിൽ വരുമ്പോൾ, നിർമ്മാണം പൂർത്തിയാകാത്ത ഇടുങ്ങിയ റോഡിലേക്ക് പ്രവേശിക്കേണ്ടി വരുന്നു. ഇത് സ്ഥിരം യാത്രക്കാരല്ലാത്തവർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. മുന്നിലെ വാഹനങ്ങൾ വേഗത കുറയ്ക്കുമ്പോൾ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇടിക്കുക പതിവാണ്.

ഇന്നലെ ടൂറിസ്റ്റ് ബസ് മറിഞ്ഞതും സമാനമായ സാഹചര്യത്തിലാണ്. വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയിലുള്ള ആശുപത്രിപ്പടിയിൽ വെച്ചാണ് വിവാഹ പാർട്ടി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്. മഴ കാരണം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. മുന്നിൽ പോവുകയായിരുന്ന വാഹനത്തിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് ഡിവൈഡറിനോട് ചേർന്നുള്ള കുഴിയിൽ വീണ് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ക്രെയിൻ ഉപയോഗിച്ചാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്.