Banner Ads

ഉപജീവനമാർഗം തീയിലെറിഞ്ഞു; അന്തിക്കാട് വീട്ടുമുറ്റത്ത് ഓട്ടോറിക്ഷ കത്തിച്ചു

തൃശൂർ : അന്തിക്കാട് മുറ്റിച്ചൂർ ബാപ്പു നഗറിൽ താമസിക്കുന്ന മെജോയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം.

ഓട്ടോറിക്ഷ കത്തിച്ച ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറന്ന് പുറത്തേക്ക് വന്നപ്പോഴേക്കും കത്തിച്ചവർ ഓടി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ 4.5 ലക്ഷം രൂപയോളം നഷ്ടം വന്നതായാണ് മെജോ പറയുന്നത്. കൂടാതെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 21 വർഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് മെജോ ഉപജീവനം നടത്തുന്നത്.

വീടിന് സമീപം കടയും മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.വിവരമറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.