ഇടുക്കി:ഇടുക്കി ജില്ലയിലെ വട്ടവടയിൽ നടന്ന ‘കലുങ്ക് സംവാദ’ത്തിൽ വെച്ചാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചത്.വട്ടവടയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന ആവശ്യം നാട്ടുകാർ സുരേഷ് ഗോപിക്ക് മുന്നിൽ ഉന്നയിച്ചിരുന്നു.ഇതിനു മറുപടി നൽകവേയാണ് അദ്ദേഹം മന്ത്രി ശിവൻകുട്ടിയെ ലക്ഷ്യമിട്ടത്.
“നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രധാന പരിഹാസം.തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. “അവരിൽനിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ട. അവരൊക്കെ മാറട്ടെ, എന്നിട്ട് നമുക്ക് ആലോചിക്കാം” എന്നും അദ്ദേഹം നാട്ടുകാർക്ക് മറുപടി നൽകി. ശിവൻകുട്ടിയെയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെയും പരോക്ഷമായി അപഹസിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.