Banner Ads

വനമേഖല വിട്ട് നാട്ടിലിറങ്ങി: വള്ളിക്കാട് കുറുനരിയുടെ ആക്രമണത്തിൽ പരിക്ക്.

കോഴിക്കോട്:വടകര വള്ളിക്കാട് പ്രദേശത്ത് കുറുനരിയുടെ ആക്രമണത്തിൽ യുവാവിനും മറ്റ് മൂന്നുപേർക്കും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വള്ളിക്കാട് പുലയൻകണ്ടി താഴെ സ്വദേശിയായ രജീഷിനാണ് കൈക്ക് ഗുരുതരമായി പരിക്കേറ്റത്.രജീഷിന് പുറമെ, ആറ് വയസുകാരി ഉൾപ്പെടെ മറ്റ് മൂന്നുപേർക്കും കുറുനരിയുടെ കടിയേറ്റിട്ടുണ്ട്.

പ്രദേശവാസികൾക്കിടയിൽ ഈ സംഭവം വലിയ ഭീതി പരത്തിയിരിക്കുകയാണ്.കഴിഞ്ഞ മാസവും കോഴിക്കോട് ജില്ലയിൽ സമാനമായ ആക്രമണം ഉണ്ടായിരുന്നു. വൈകുന്നേരം ആറുമണിയോടെ വളയത്ത് നിരവുമ്മൽ സ്വദേശികളായ മൂന്ന് സ്ത്രീകൾക്കാണ് കുറുക്കന്റെ കടിയേറ്റത്.കളമുളള പറമ്പത്ത് ചീരു, ജാതിയോട്ട് ഷീബ, മുളിവയൽ സ്വദേശി സുലോചന എന്നിവർക്കായിരുന്നു അന്ന് പരിക്കേറ്റത്.

പരിക്കേറ്റ മൂന്നുപേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.നാട്ടിലിറങ്ങുന്ന കുറുനരികൾ ആളുകളെ ആക്രമിക്കുന്നത് തുടർക്കഥയാവുന്ന സാഹചര്യത്തിൽ, വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.