Banner Ads

തോട്ടങ്ങൾ വനമാക്കില്ല; മലയോരത്തിന് ഉറപ്പുനൽകി എൽഡിഎഫിന്റെ പുതിയ പ്രകടനപത്രിക

തിരുവനന്തപുരം : വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ വിവാദ ഭാഗങ്ങൾ തിരുത്തി എൽഡിഎഫ്. ബഫർസോൺ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നതടക്കമുള്ള മൂന്ന് പ്രധാന ഖണ്ഡികകളാണ് പിൻവലിച്ചത്.

പിശക് സംഭവിച്ചതാണെന്നും തിരുത്തി വായിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ വാർത്താക്കുറിപ്പ് പുറത്തിറക്കി. വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും എന്ന ഭാഗം പൂർണ്ണമായും ഒഴിവാക്കി. പകരം ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും എന്ന് മാറ്റി.

ബഫർസോൺ വിഷയത്തിൽ പ്രദേശവാസികളെ പൂർണ്ണമായും വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ മുന്നോട്ട് പോകൂ എന്ന് പുതിയ പത്രിക ഉറപ്പുനൽകുന്നു. തോട്ടങ്ങളെ സ്വാഭാവിക വനങ്ങളാക്കി മാറ്റാനുള്ള ഇക്കോ റെസ്റ്റോറേഷൻ പദ്ധതിയും മലയോര കർഷകരുടെ എതിർപ്പ് ഭയന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന നിയമസഭ പാസാക്കിയ വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുമെന്ന വാഗ്ദാനം പുതുതായി കൂട്ടിച്ചേർത്തു. പ്രകടനപത്രികയിലെ ആദ്യ നിലപാട് കർഷകവിരുദ്ധമാണെന്ന് ആരോപിച്ച് മലയോര മേഖലകളിൽ സജീവ പ്രചാരണത്തിന് യുഡിഎഫ് ഒരുങ്ങുകയാണ്.

സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബഫർസോൺ വിഷയത്തിൽ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ലെന്നതിന്റെ തെളിവാണ് ഈ വെട്ടിത്തിരുത്തലുകളെന്ന് കർഷക സംഘടനകളും ചൂണ്ടിക്കാട്ടുന്നു.