
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കെ കേരളത്തിന്റെ രാഷ്ട്രീയ സിരാകേന്ദ്രം അക്ഷരാർത്ഥത്തിൽ ഒരു പടക്കളമായി മാറിക്കഴിഞ്ഞു. ജില്ലയിലെ 14 മണ്ഡലങ്ങളിലും പോരാട്ടം പ്രവചനാതീതമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കരുത്ത് ചോരാതെ കാക്കാൻ ഭരണപക്ഷവും, തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാൻ ബിജെപിയും, അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും സർവ്വ സജ്ജരാണ്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 14ൽ 13 സീറ്റുകളും തൂത്തുവാരിയ ഇടത് മുന്നണിക്ക് ഇത്തവണ ആധിപത്യം നിലനിർത്തുക എന്നത് അഭിമാനപ്രശ്നമാണ്. ഭരണമാറ്റം ലക്ഷ്യമിട്ട് സർക്കാരിനെതിരെയുള്ള വിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. തങ്ങളുടെ നഷ്ടപ്പെട്ട കോട്ടകൾ തിരിച്ചുപിടിക്കാനായി ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തിയാണ് കോൺഗ്രസ് അങ്കത്തട്ടിലുള്ളത്.
2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത് എൻഡിഎയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. 2016ൽ ഒ രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്ന നേമം മണ്ഡലം ഇത്തവണയും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.