
കണ്ണൂർ : കേരളത്തിലെ എൽഡിഎഫ് സർക്കാർ എല്ലാ മേഖലകളിലും പരാജയമാണെന്ന അഭിപ്രായം എസ്‌ഡിപിഐക്കില്ലെന്ന് ദേശീയ പ്രസിഡന്റ് എംകെ ഫൈസി. സർക്കാരിന്റെ ചില നയങ്ങളോട് വിയോജിപ്പും പരാതിയുമുള്ള വിഷയങ്ങളിൽ പാർട്ടി ശക്തമായി സമരം ചെയ്തിട്ടുണ്ട്.
എന്നാൽ സർക്കാർ 100 ശതമാനവും പാളിച്ചയാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യത്തിൽ കോൺഗ്രസും എസ്‌ഡിപിഐയും ഒരേ മുന്നണിയിലാണ്. എന്നാൽ കേരളത്തിൽ മാത്രം ചില കോൺഗ്രസ് നേതാക്കൾ എസ്‌ഡിപിഐയെ എതിർക്കുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തമല്ല.
പ്രതിപക്ഷ നേതാവ് ഉൾപ്പെടെ തങ്ങളെ എതിർക്കുന്നവരെ തിരിച്ച് പിന്തുണയ്ക്കേണ്ട ആവശ്യം എസ്‌ഡിപിഐക്കില്ലെന്നും ഫൈസി പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്‌ഡിപിഐക്ക് ബന്ധമില്ല. സംഭവസമയത്ത് സിപിഎം ഉന്നയിച്ച ആരോപണങ്ങളെ ഇപ്പോൾ കൂട്ടിയിണക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരിയിൽ ഫസൽ കൊലക്കേസ് പ്രതിയായിരുന്ന കാരായി രാജനെ തോൽപ്പിക്കുമെന്നും, അതിനുവേണ്ടി ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയിട്ടുണ്ടെന്നും ഫൈസി കൂട്ടിച്ചേർത്തു. ഒരു പ്രത്യേക സംഭവം മാത്രം നോക്കിയല്ല പാർട്ടി രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതെന്നും ഫൈസി വ്യക്തമാക്കി.