Banner Ads

കെഎസ്ആർടിസി ഹൊസൂർ വഴി കേരളത്തിലേക്ക്! വർഷങ്ങൾക്കു ശേഷം സർവീസ് പുനരാരംഭം

കണ്ണൂര്‍: തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസി (KSRTC) ബസ് സർവീസുകൾ വർഷങ്ങൾക്കുശേഷം പുനരാരംഭിക്കുന്നു. ആദ്യഘട്ടത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ മാത്രമായിരിക്കും സർവീസ് നടത്തുക. കണ്ണൂർ വരെയായിരിക്കും ഈ ബസുകൾ തുടക്കത്തിൽ ഓടുക.

ഈ സംരംഭം വിജയകരമായാൽ, തൃശ്ശൂർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.മലയാളികൾ അനുഭവിക്കുന്ന യാത്രാദുരിതം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ഡിവൈഎഫ്ഐ തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിനായി ഹൊസൂരിലെത്തിയ എ.എ. റഹീം എംപിക്ക് മലയാളികൾ യാത്രാദുരിതം നിവേദനത്തിലൂടെ കൈമാറി. തുടർന്ന് കെഎസ്ആർടിസി എംഡി ഡോ. പ്രമോജ് ശങ്കറും എംപിയും തമ്മിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.

പുതിയ ക്രമീകരണത്തിന്റെ ഭാഗമായി, ബെംഗളൂരുവിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾക്ക് ഇനി ഹൊസൂർ നഗരത്തിന് പുറത്ത് ഫ്ലൈ ഓവറിന് സമീപം സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഇത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകും.