കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇനി മുതൽ വേസ്റ്റ് ബിൻ.ബസ് സ്റ്റാൻഡുകളും ഡിപ്പോകളും മാലിന്യരഹിതമാക്കുന്നതിന് സ്വകാര്യ കമ്ബനികളുമായി കൈകോർക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി.സ്വകാര്യ സ്പോൺസർഷിപ്പോടെ ദീർഘദൂര ബസുകളിൽ വേസ്റ്റ് ബിന്നുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്ബനികളുമായി ധാരണയിലെത്തി.
ഡിപ്പോകളിൽ പച്ച, നീല, ചുവപ്പ് നിറങ്ങളിൽ 800 വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാൻ മുത്തൂറ്റ് മിനി ഫിനാൻസുമായാണ് ധാരണ. 2000 വേസ്റ്റ് ബിന്നുകൾ ബസിനുള്ളിൽ സ്ഥാപിക്കാനും ധാരണയായിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി മാർക്കറ്റിങ് വിഭാഗം അറിയിച്ചു. മറ്റ് സ്വകാര്യ കമ്ബനികളുമായും ചർച്ച തുടരുകയാണ്. ദീർഘദൂര ബസുകളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനും കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കംചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്താനുമാണ് കെ.എസ്.ആർ.ടി.സി നീക്കം.
ഇതിൻറെ ആദ്യഘട്ടമായി 10 ദീർഘദൂര ബസുകളിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു കഴിഞ്ഞു. ബസുകളിൽനിന്ന് പ്ലാസ്റ്റിക് കുപ്പികളും കവറുകളുംഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.