തിരുവനന്തപുരം: കെഎസ്ആർടിസി സ്കാനിയ ബസിൽ പാമ്പിനെ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തി, പരിശോധനയിൽ ജീവനക്കാർക്കെതിരെ നടപടി. പാഴ്സൽ കണ്ടെത്തിയതിനെ തുടർന്ന് കേസ് പൊലീസിന് കൈമാറി. പരിശോധനയിൽ വീടുകളിൽ വളർത്തുന്ന ഇനത്തിൽപെട്ട പാമ്പാണെന്ന് ബോധ്യപ്പെട്ടതോടെയാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന സ്കാനിയ സർവീസിൽ ഇത്തരത്തിലുള്ള അനധികൃത പാഴ്സലുകൾ പതിവായി എത്തിക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ജീവനക്കാർക്ക് കൈക്കൂലി നൽകിയാണ് ഇത്തരത്തിൽപ്പെട്ട പാഴ്സലുകൾ കടത്തുന്നതെന്നാണ്. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാന്റിന് സമീപം ബസ് തടഞ്ഞ് നടത്തിയ പരിശോധനയിൽ പാഴ്സൽ കണ്ടെത്തി. പക്ഷി ആണെന്ന് പറഞ്ഞാണ് പാഴ്സൽ ഏൽപിച്ചതെന്ന് ബസ് ജീവനക്കാർ വിജിലൻസിന് മൊഴി നൽകി. പാഴ്സൽ വാങ്ങാനെത്തിയ ആളെയും ചോദ്യം ചെയ്ത് വിട്ടയച്ചു. കേസിൽ പൊലീസ് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.