കോഴിക്കോട്: പേരാമ്പ്ര കൽപത്തൂരിൽ വീടിനുള്ളിൽ കയറിയ കുറുക്കന്റെ കടിയേറ്റ് 11 വയസ്സുകാരിക്കും വയോധികനും പരിക്ക്. കൽപത്തൂർ മാടത്തുംകോട്ട സ്വദേശി പറമ്പത്ത് അനൂപിന്റെ മകൾ സാക്ഷിയെയാണ് (11) രാവിലെ എട്ടുമണിയോടെ വീട്ടിലെ കട്ടിലിൽ കിടന്നുറങ്ങുന്നതിനിടെ കുറുക്കൻ കടിച്ചത്.
കുട്ടിയെ ആക്രമിച്ച ശേഷം ഓടിപ്പോകുന്നതിനിടെ സമീപവാസി കാവുംപൊയിൽ രാജൻ (79) എന്ന വയോധികനെയും കുറുക്കൻ കടിച്ചു. പരിക്കേറ്റ ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോയി.
പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കും കുറുക്കന്റെ കടിയേറ്റതായി നാട്ടുകാർ പറയുന്നു. കുറുക്കനെ കണ്ടെത്താൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കഴിഞ്ഞില്ല. വീടിനുള്ളിൽ കയറിയുള്ള ആക്രമണം പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.