
കൊച്ചി: കേരളത്തിന് സിംഗപ്പൂരിന് തുല്യമായ വികസന വളർച്ച കൈവരിക്കാനുള്ള എല്ലാ ശേഷിയുമുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചാനൽ അയാം (Channel Iam) കൊച്ചി റിനൈ ഹോട്ടലിൽ സംഘടിപ്പിച്ച ‘ഷീ പവർ 2025’ (She Power 2025) വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത്സംസ്ഥാനത്തിന്റെ വികസനത്തിൽ സ്ത്രീകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘വർക്ക് ഫ്രം ഹോം’, ‘വർക്ക് നിയർ ഹോം’ എന്നീ സംവിധാനങ്ങൾ സംരംഭകത്വത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുന്നു.
പ്രത്യേകിച്ച് ഫുഡ് പ്രൊസസിംഗ്, അപ്പാരൽ (വസ്ത്ര നിർമ്മാണം) എന്നീ മേഖലകളിൽ കേരളത്തിൽ വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാറുന്ന കാലത്തെ വെല്ലുവിളികളെ നേരിടാനും സാമ്പത്തിക-ഡിജിറ്റൽ മേഖലകളിൽ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനുമാണ് ഉച്ചകോടി ലക്ഷ്യമിട്ടത്.വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതമായ നിക്ഷേപ രീതികൾ എങ്ങനെ ശീലിക്കണം എന്നതിനെക്കുറിച്ച് വിദഗ്ധർ സംസാരിച്ചു.തൊഴിലിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ദിശാബോധം നൽകി.
വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരുന്നു മറ്റൊരു പ്രധാന വിഷയം.ഹെഡ്ജ് ഇക്വിറ്റീസ് സി.എം.ഡി അലക്സ് ബാബു, കിരൺ റിയാസ്, ആക്സിസ് ബാങ്ക് പ്രതിനിധികളായ വൈശാഖി ബാനർജി, സന്ദീപ് അഗർവാൾ എന്നിവർ സാമ്പത്തിക സെഷനുകൾക്ക് നേതൃത്വം നൽകി. സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധ ഡോ. പട്ടത്തിൽ ധന്യ മേനോൻ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. എഫ് 9 ഇൻഫോടെക് സി.ഇ.ഒ ജയകുമാർ മോഹനചന്ദ്രൻ, രാജേഷ് വിക്രമൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.