കൊച്ചി : ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് കോളേജുകളിൽ പ്രവേശനം നൽകേണ്ടെന്ന് കേരള സർവകലാശാല. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെയും പരീക്ഷകളിൽ നിന്ന് ‘ഡീബാർ’ ചെയ്യപ്പെട്ടവരെയും പ്രവേശനത്തിൽ നിന്ന് വിലക്കണമെന്ന് സർവകലാശാല കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.
പഠനം നിർത്തിവെച്ച ശേഷം സംഘടനാ പ്രവർത്തനം മാത്രം ലക്ഷ്യമിട്ട് ചില വിദ്യാർത്ഥികൾ വീണ്ടും കോഴ്സുകളിൽ പ്രവേശനം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം. ബിരുദ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ തങ്ങൾക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്ന് സത്യവാങ്മൂലം നൽകണം.
ഈ സത്യവാങ്മൂലം ലംഘിക്കുന്നവരുടെ പ്രവേശനം റദ്ദാക്കാൻ പ്രിൻസിപ്പൽമാർക്ക് അധികാരമുണ്ടാകും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോളജ് കൗണ്‍സിലിനാണ്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതിയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
നേരത്തെ വാട്സാപ്പ് വഴി കോപ്പിയടിച്ചതിന് മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്യപ്പെട്ട ഒരു വിദ്യാർത്ഥി മറ്റൊരു വിഷയത്തിൽ പ്രവേശനം നേടിയത് കേരള സർവകലാശാല റദ്ദാക്കിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നിർദേശം.