
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ താപനില കുത്തനെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38°C വരെയും, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ താപനില 36°C വരെയാണ് രേഖപ്പെടുത്തിയത്.
ഉയർന്ന ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം കടുത്ത അസ്വസ്ഥതയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലായതിനാൽ പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. സൂര്യഘാതം, നിർജ്ജലീകരണം എന്നിവയ്ക്കെതിരെ മുൻകരുതൽ എടുക്കുക. ധാരാളം വെള്ളം കുടിക്കുകയും സുരക്ഷിതമായ ഇടങ്ങളിൽ വിശ്രമിക്കുകയും ചെയ്യുക.