
പാലക്കാട്: കേരളം ചുട്ടുപൊള്ളുന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില വെള്ളിയാഴ്ച പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ ചൂട്. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് താപനില സാധാരണയേക്കാൾ ഉയർന്ന നിലയിൽ തുടരുന്നത്.
സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കുക. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കുക.