Banner Ads

കേരളം പൊള്ളുന്നു; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ ജാഗ്രത

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പകൽ 10 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മ-നേത്ര രോഗങ്ങളുള്ളവർ എന്നിവർ അതീവ ശ്രദ്ധ പുലർത്തണം. ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുമെന്നതിനാൽ ഇത്തരം മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.