കണ്ണൂർ:ഓണക്കാലത്തെ യാത്രാത്തിരക്ക് കുറയ്ക്കാൻ വേണ്ടി സെപ്റ്റംബർ രണ്ടുമുതല്‍ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി.ബെംഗളൂരുവില്‍നിന്ന് കണ്ണൂർ, കാസറഗോഡ്, മൂന്നാർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.
ഓണം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സെപ്റ്റംബർ ഏഴിന് ഇവിടങ്ങളില്‍നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകളുണ്ടാകും.രാജഹംസ എക്സിക്യുട്ടീവ്, നോണ്‍ എസി സ്ലീപ്പർ, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, എസി സ്ലീപ്പർ, കർണാടക സാരിഗെ ബസുകളാണ് സർവീസ് നടത്തുക. നിലവിലുള്ള സർവീസുകള്‍ക്ക് പുറമെയാണ് പ്രത്യേക സർവീസുകള്‍.ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു.
ഓണ്‍ലൈൻ ബുക്കിങ്ങിന് സൗകര്യമുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒന്നിച്ചു ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം ഇളവുണ്ട്. ഇരുവശങ്ങളിലേക്കും ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മടക്കയാത്രാ ടിക്കറ്റില്‍ പത്ത് ശതമാനം ഇളവും നല്‍കുന്നുണ്ട്.