Banner Ads

കണ്ണൂർ പേരാവൂർ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി.

കണ്ണൂർ: പേരാവൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജാർഖണ്ഡ് സ്വദേശി ജോഗീന്ദർ ഉറാവക്കിന് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. 2021 ജൂലൈ 15നായിരുന്നു സംഭവം. പേരാവൂരിലെ ഒരു സ്വകാര്യ എസ്‌റ്റേറ്റിൽ ഒപ്പം താമസിച്ചിരുന്ന ഇരുപതുകാരിയായ മമത കുമാരിയെ പ്രതി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

ദൃക്‌സാക്ഷികളില്ലാത്ത കേസാണിതെങ്കിലും പ്രോസിക്യൂഷൻ ഹാജരാക്കിയ സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട മമത കുമാരിയുടെ ആശ്രിതരെ ജാർഖണ്ഡിൽ അന്വേഷണം നടത്തി കണ്ടെത്തി ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്കും (DLSA) കോടതി നിർദ്ദേശം നൽകി.